അയാള്‍ ഒരിക്കലും തനിച്ചല്ലായിരുന്നു... ഇന്ന് ഒറ്റയ്ക്ക് ആ കയറ്റം കയറുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ഇറക്കം ഇറങ്ങി തന്നെ മറികടന്നു പോകുന്ന തന്‍റെ പഴയ കാലത്തെ അയാള്‍ കണ്ടു... പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ പ്രതിമയും കടന്നു അയാള്‍ നടന്നു... പാറകള്‍ക്കിടയിലൂടെ കുത്തനെയുള്ള കുറുക്കുവഴി ഉപേക്ഷിച്ച് വളഞ്ഞും പുളഞ്ഞും മലയെ പറ്റിപ്പിടിച്ചു കിടക്കുന്ന റോഡിലൂടെ അയാള്‍ തന്‍റെ സ്വര്‍ഗത്തിലേക്ക് അടുത്തു... ഇന്നും കാമ്പസിനെ ഉപേക്ഷിച്ചു പോകാന്‍ മടിക്കുന്ന പച്ചപ്പ് അയാള്‍ക്ക് ആവുവോളം തണലുനല്‍കി...
കയറ്റം കയറി മുകളിലെത്തിയപ്പോഴേക്കും അയാള്‍ നന്നായി കിതച്ചു... "നവാഗതര്‍ക്ക് സ്വാഗതം" എന്നെഴുതിയ ബോര്‍ഡിനു കീഴിലെ മതിലില്‍ അയാള്‍ ഇരുന്നു... ഇവിടെ നിന്നാണ് താന്‍ ആദ്യത്തെ ജാഥയില്‍ പങ്കെടുക്കുന്നത്... സീനിയേഴ്സിനെ പേടിച്ചു ജാഥയില്‍ കയറി മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിക്കുമ്പോഴും അത് എന്തിനെന്ന് അയാള്‍ക്ക് മനസ്സിലായിരുന്നില്ല... പാര്ട്ടിഭേദമന്യേ വീണ്ടും പല ജാഥകള്‍... ഒടുവില്‍ വിപ്ലവചിന്തകള്‍ മനസ്സില്‍ കുടിയേറിയപ്പോള്‍ ആദര്‍ശങ്ങള്‍ക്കു ലക്‍ഷ്യം വെച്ചു... ഇന്നയാളുടെ വിപ്ലവ ചിന്തകള്‍ കൂട്ടുകാരോടോതുള്ള വാഗ്വാദങ്ങളിലും മൊബൈല്‍ വാള്‍പേപ്പറിലും ഒതുങ്ങിപ്പോയിരിക്കുന്നു...
പത്രം വായിച്ചുകൊണ്ടിരുന്ന വാച്മാന്‍, അയാളെ കണ്ടു സംശയത്തോടെ അടുത്തു വന്നു... ആളെ മനസ്സിലായപ്പോള്‍ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചു... ചോദ്യം കേള്‍ക്കാത്ത പോലെ അയാള്‍ ചിരിച്ചു കൊണ്ട് സ്റ്റെപ്പുകയറി ഇടനാഴിയിലൂടെ നടന്നു... ലബോറട്ടറിക്കും ബാസ്കെറ്റ്ബോള്‍ കോര്‍ട്ടിനും ഇടയില്‍ അത് നീണ്ടു കിടക്കുന്നു... പണ്ടെങ്ങോ താന്‍ ചാരി ഇരുന്ന തൂണുകളില്‍ ഒന്നില്‍ ചാരി അയാള്‍ ഇരുന്നു... മുന്നിലെ കോര്‍ട്ടും സ്റ്റോണ്‍ ബെഞ്ചും വലിയ പുല്ലുകളും അയാളുടെ കണ്ണില്‍ നിറഞ്ഞു... പിന്നിലെ ക്ലാസ്സ് മുറികളില്‍ നിന്നും അയാള്‍ തന്‍റെ തന്നെ ശബ്ദം കേട്ടു... ഫ്രെഷേര്സ് പാര്‍ട്ടികളും പൂക്കള മത്സരങ്ങളും കലോല്‍സവങ്ങളും വീണ്ടും അയാള്‍ക്ക് മുന്നില്‍ നടന്നു... തന്‍റെ ഉള്ളില്‍ സങ്കടവും സന്തോഷവും കുമിഞ്ഞുകൂടുന്നത് അയാള്‍ അറിഞ്ഞു...
ലൈബ്രറിയും ഓഡിറ്റോറിയവും കടന്നു പീ.ജി. ബ്ലോക്കിന്‍റെ അരികിലൂടെ അയാള്‍ കലാലയത്തിന്‍റെ പിന്‍ഭാഗത്തേക്കു നടന്നു... ക്ലാസ്സുകള്‍ കട്ടുചെയ്യുമ്പോള്‍ കൂട്ടുകാരോടൊപ്പം വന്നിരിക്കാറുള്ള പാറയുടെ മുകളില്‍ ഇരുന്നു... ഇവിടെ ഇരിക്കുമ്പോള്‍ ലോകം മുഴുവനും കാണാം... പിന്നില്‍ കാമ്പസിന്‍റെ ചെറിയ ലോകവും... മുന്നില്‍ തന്നെ വിളിച്ചിറക്കിയ വലിയ ലോകവും... കാലങ്ങള്‍ക്കു ശേഷം കാറ്റ് അയാളെ തഴുകിക്കൊണ്ട് പുറകിലേക്ക് പോയി... ഇവിടത്തെ കാറ്റിനെ പറ്റിയും നിറമുള്ള പാട്ടുകള്‍ പാടുന്ന തന്‍റെ സങ്കല്‍പ്പത്തിലെ കൂട്ടുകാരിയെ പറ്റിയും കാമ്പസ് മാഗസിനില്‍ താന്‍ എഴുതിയ കവിതയുടെ വരികള്‍ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...
ഇരുട്ട് വീണു തുടങ്ങിയപ്പോള്‍ അയാള്‍ തിരിച്ചു നടന്നു... ഇറക്കം ഇറങ്ങി അകലുമ്പോള്‍ ദൂരെ കാന്‍റീനിന്‍റ അരികിലെ ബോധിമരച്ചുവട്ടിലിരുന്ന് ബുദ്ധപ്രതിമ അയാളെ നോക്കി ചിരിച്ചു...
Saturday, October 11, 2008
Subscribe to:
Post Comments (Atom)
1 comment:
നന്നായി എഴുതുമല്ലൊ
Post a Comment