ഒരു ട്രെയിന്‍ കൂടി അവരുടെ മുന്നിലെ പാടത്തിനപ്പുറത്തൂടെ അലറിപ്പാഞ്ഞുകൊണ്ട് കടന്നു പോയി... ഏറെ നേരമായി അവര്‍ക്കിടയിലുള്ള മൌനത്തെ കീറിക്കൊണ്ട് കൂട്ടുകാരന്റെ വാക്കുകള്‍ അയാളുടെ ചെവിയില്‍ പതിച്ചു...
"നീ പോകുന്നതോടെ എല്ലാം നില്ക്കും... പിന്നെ ക്ലബ്ബിലൊന്നും ആരും ഉണ്ടാവില്ല..."
പുറത്തുവരാന്‍ മടിക്കുന്ന ശബ്ദത്തെ തോല്‍പ്പിച്ച് അയാള്‍ പറഞ്ഞു..."പുതിയ ലൈബ്രേറിയനെ രണ്ടാഴ്ചക്കുള്ളില്‍ തന്നെ തിരഞ്ഞെടുക്കും..."
"അതുമാത്രമല്ലല്ലോ നീ ഞങ്ങള്‍ക്ക്... അതൊക്കെ പോട്ടെ, നീയതൊന്നും ചിന്തിക്കണ്ട...നീയെങ്കിലും പോയി നന്നായി വാ..."
"പോയിട്ട് നല്ലൊരു ജോലി തരപ്പെടുകയാണെങ്കില്‍ നിന്നെയും ഞാന്‍ കൊണ്ടു പോകാം..."
"എനിക്കെങ്ങും പോകണ്ട..."
എനിക്കും എന്ന് പറയാന്‍ അയാള്‍ ആഗ്രഹിച്ചെങ്കിലും അതയാളുടെ തൊണ്ടയില്‍ കുരുങ്ങി മരിച്ചു...
"എന്റെ കൃഷിയെല്ലാം മോഹനേട്ടനു വില്ക്കാന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്... നീ കാശെല്ലാം വാങ്ങിച്ച് വീട്ടില്‍ ഏല്‍പ്പിക്കണം..."
ഏറെ പറയാനുണ്ടായിരുന്നിട്ടും ഇനിയെന്ത് പറയണം എന്ന് വിഷമിക്കുന്ന കൂട്ടുകാരനെ അയാള്‍ രക്ഷപ്പെടുത്തി... "നീ പോയ്കോ... ഞാന്‍ കുറച്ചു നേരം ഇവിടെ ഇരിക്കട്ടെ... ഇനി പറ്റില്ലല്ലോ..."
മതിലില്‍ നിന്നും ഇറങ്ങി നടന്നകലുന്ന കൂട്ടുകാരനെ തന്നെ നോക്കി അയാള്‍ എന്തെല്ലാമോ ആലോചിച്ചുകൊണ്ട് ഇരുന്നു... തനിക്ക് വിധിക്കപ്പെട്ട അവസാനത്തെ ദിവസം... നാളെ തന്റെ മേലും പ്രവാസി എന്ന സീല്‍ പാതിയും... അതും എത്ര കാലത്തേക്ക്..? ഒരു പക്ഷെ മരണം വരെ തന്നെ... ഒരിക്കലും ഈ നാടു വിട്ടു ഒരു ജീവിതം പ്രതീക്ഷിച്ചതല്ല... പണം കടങ്ങളുടെ രൂപമെടുത്തപ്പോള്‍ ഇതും അനിവാര്യമായിരിക്കുന്നു...
ഇരുട്ട് കണ്ണിനെ മറച്ചു തുടങ്ങിയപ്പോള്‍ അയാള്‍ എഴുന്നേറ്റു നടന്നു... യാത്രക്കുള്ള ഒരുക്കങ്ങള്‍ എല്ലാം നേരത്തെ തന്നെ കഴിഞ്ഞിരിക്കുന്നു... നിമിഷങ്ങള്‍ വിങ്ങലാവുമ്പോള്‍ ഒന്നും ചെയ്യാനില്ലതാവുന്നത് അസഹ്യമായി തോന്നി അയാള്‍ക്ക്... എന്നും തന്റെ ശബ്ദം പുറത്തുകേള്‍ക്കുന്ന വീട്ടില്‍ ഇന്നു ആരും ഒന്നും മിണ്ടുന്നില്ല... എന്തെങ്കിലും പറഞ്ഞു എല്ലാവരെയും സന്തോഷിപ്പിക്കണമേന്നുന്ടെങ്കിലും അയാള്‍ക്കതിനു കഴിഞ്ഞില്ല... ചെറിയ കാര്യങ്ങള്‍ക്ക് അയാള്‍ ദേഷ്യപ്പെട്ടു...
യാത്രയുടെയോ തന്നെ കാത്തു നില്ക്കുന്ന പുതുമകളുടെയോ ജിഞാസകള്ക്ക് അയാളുടെ മനസ്സില്‍ ഇടം കിട്ടിയില്ല... തന്റെ നഷ്ടങ്ങള്‍ അയാളുടെ മനസ്സില്‍ നിറഞ്ഞു നിന്നു... ഉറക്കത്തിനു അര്‍ത്ഥം ലഭിക്കാന്‍ രാത്രി ഏറെ വൈകേണ്ടി വന്നു...
കുളിച്ചു വന്നു പ്രാതല്‍ കഴിക്കാനിരിക്കുമ്പോള്‍ തന്റെ സമയം കുറഞ്ഞു വരുന്നതായി അയാള്‍ അറിഞ്ഞു... കൊലമാരത്തിലേക്ക് നടക്കുന്നവനും താനും തമ്മില്‍ വ്യത്യാസങ്ങളെക്കാള്‍ ഏറെ സാമ്യതകളാണെന്നു അയാളുടെ മനസ്സു പറഞ്ഞു... ചിരിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ മുഖത്തിന് മുന്നില്‍ പ്രാതല്‍ രുചിയില്ലാതായി... വേഷം മാറാന്‍ അകത്തേക്ക് പോകുമ്പോള്‍ അമ്മയോട് ഒരു ചായ കൂടി ആവശ്യപ്പെട്ടു...
വേഷം മാറി കണ്ണാടിയില്‍ നോക്കി അയാള്‍ കുറെ നേരം നിന്നു... ഇനിയും പോരുതപ്പെടാനാവാത്ത ഈ മാറ്റത്തിന്റെ തുടക്കം അയാളെ ശ്വാസം മുട്ടിച്ചു...
അമ്മ ചായയുമായി വീണ്ടും മുറിയില്‍ കയറിയപ്പോള്‍ അവിടെയെങ്ങും അയാളെ കണ്ടില്ല... ഇട്ടിരുന്ന വേഷം മടക്കി കട്ടിലില്‍ വച്ചിരിക്കുന്നു... പൂമുഖത്തേക്ക് ചെന്നപ്പോള്‍ പടിയിറങ്ങി പോകുന്ന അയാളെ കണ്ടു... അയാളുടെ തോളില്‍ തന്റെ തൂമ്പയും ഉണ്ടായിരുന്നു...ഉള്ളില്‍ നിറഞ്ഞ സന്തോഷം ആ അമ്മയുടെ കണ്ണുകളില്‍ ഓടിയെത്തി...
പാടത്ത് ആഞ്ഞുകിളക്കുമ്പോള്, തനിക്ക് പോകേണ്ടിയിരുന്ന ട്രെയിന്‍ ശബ്ദമുണ്ടാക്കി പാടത്തിനപ്പുറത്തുകൂടെ കടന്നു പോയത് അയാള്‍ അറിഞ്ഞില്ല...
Friday, October 24, 2008
Subscribe to:
Post Comments (Atom)
1 comment:
പോസ്റ്റ് നന്നായി.
ഇനിയുമെഴുതുക.
Post a Comment